വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് എന്നാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്. “ഒഥെന്റിക് ഫീൽ” അതിനൊരിക്കലും കിട്ടില്ല. പക്ഷെ, രുചിയറിഞ്ഞു കഴിക്കണോ, അങ്ങനെ തയ്യാറാക്കിയാൽ പോര. കരിമീനിന്റെ പ്രത്യേകത, മറ്റുമീനുകളെക്കാളും ഫ്ലേവർ നന്നായിട്ടു മീനിൽ പിടിക്കുമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ നന്നായിട്ട് തയ്യാറാക്കിയാൽ അത് വിഭവത്തിൽ അറിയാൻ പറ്റും. ഗസ്റ്റുകൾ ഉണ്ടെങ്കിൽ ഇരു വിഭവമായിട്ടുതന്നെ ഇതിനെ മാറ്റാനും പറ്റും. ഇത് എന്റെ ഒരാന്റിയുടെ പാചകവിധിയാണ്. ഞങ്ങളുടെ കുടുംബത്തിലെ തീറ്റഭ്രാന്തന്മാരുടെയൊക്കെ ഇഷ്ടപ്പെട്ട റെസിപ്പിയാണ് ഇത്.
റസിപി
വറുക്കാൻ
കരിമീൻ – മുഴുത്തത് അഞ്ച് എണ്ണം (നാലോ അഞ്ചോ എണ്ണംകൊണ്ട് ഒരു കിലോ തൂക്കം വരുന്ന വലിപ്പത്തിൽ)
വാഴയില – ആവശ്യത്തിന്.
വറുക്കാൻ
1. മുളകുപൊടി – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പൊതിയാൻ
2. സവോള – 5 എണ്ണം ഇടത്തരം
ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – രണ്ടു തുടം
ഇഞ്ചി – രണ്ടിഞ്ചു നീളത്തിൽ
പച്ചമുളക് – 7 എണ്ണം
തക്കാളി – 3 എണ്ണം ചെറുത്
കറിവേപ്പില – ആവശ്യത്തിന്
ഗ്രാമ്പൂ – 7 എണ്ണം
ഏലയ്ക്ക – 7 എണ്ണം
തേങ്ങ – അര മുറി (പാലു പിഴിയണം. ഒന്നാംപാലും രണ്ടാംപാലും മൂന്നാംപാലും എടുത്തു വെയ്ക്കണം)
മുളകുപൊടി – അഞ്ചു ടേബിൾ സ്പൂൺ
കുരുമുളകുപൊടി – ഒരു ടേബിൾസ്പൂൺ
കശുവണ്ടിപരിപ്പ് – 50 ഗ്രാം
ഉണക്കമുന്തിരി – 50 ഗ്രാം
വെളിച്ചെണ്ണ – ആവശ്യത്തിൻ (ഇതു കുറച്ചു വേണ്ടിവരും!!)
പാചകവിധി
ആദ്യം കരിമീൻ വൃത്തിയാക്കി ഒന്നാമത്തെ കൂട്ട് വെള്ളംകൂട്ടി പെയ്സ്റ്റ് ആക്കി മീനിൽ പുരട്ടി വറുത്തെടുത്ത് മാറ്റിവെയ്ക്കുക.
ഇനിയാണ് പ്രധാന പരിപാടി
സവോള കുനുകുനാ അരിഞ്ഞ് വഴറ്റി മാറ്റിവെയ്ക്കുക. ഒരു ഗോൾഡൻ കളർ ആയാൽ മതി. ആ എണ്ണയില് തന്നെ, ചെറുതായി അരിഞ്ഞ ഉള്ളിയും വഴറ്റുക. ഉള്ളി വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. നന്നായി വഴന്നുവരുമ്പോൾ, ഏലയ്ക്കായും ഗ്രാമ്പുവും ചതച്ച് ചേർക്കുക. ഇനി കുരുമുളകുപൊടി ചേർക്കുക. മുളകുപൊടി ഇനിവേണം ചേർക്കാൻ. മുളകുപൊടി മൂത്തുകഴിയുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് രണ്ടാംപാലും മൂന്നാംപാലും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ഒന്നാംപാൽ ചേർത്ത് വാങ്ങിവെയ്ക്കുക. ഓർക്കുക, നമ്മുടെ ലക്ഷ്യം വളരെ കട്ടിയുള്ള ഗ്രേവിയാണ്.
ഇതാ ഈ ചിത്രത്തിലേ പോലെ
കഴുകിയെടുത്ത വാഴയില കരിമീൻ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക.
കരിമീൻ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തിൽ പൊതിയുക.
അതിനുശേഷം വാഴയില നാലുവശവും മടക്കി (ചിത്രത്തിൽ കാണുന്നതുപോലെയും ആകാം!) കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക.
ഇത് നന്നായിട്ടു ചൂടായിരിക്കുന്ന എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാൻ. എന്നാലെ ഗ്രേവിയുടെ ഫ്ലേവർ മീനിൽ നന്നായിട്ടു പിടിക്കൂ.
ഇത്രയും പരുപാടിയേയുള്ളൂ. കരിമീൻ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാൻ തുടങ്ങുമ്പോൾ വളരെ എളുപ്പമാണെന്നു മനസ്സിലാവും.