ചേരുവകൾ
ചിക്കന്‍ (ലോലിപോപ്പ് പീസ്)- 1 കിലോ
ബസ്മതി അരി -1 കിലോ
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 കപ്പ്
സവാള അരിഞ്ഞത്- 1 കപ്പ്
തക്കാളി അരിഞ്ഞത് -1 കപ്പ്
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മഞ്ഞപ്പൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരം മസാല- 3 ടീസ്പൂണ്‍
മുളക് പൊടി -4 ടീസ്പൂണ്‍
പുതിനയില,മല്ലിയില -1 പിടി
നാരങ്ങയുടെ നീര് -1
പുളിയില്ലാത്ത കട്ട തൈര്-3 സ്പൂണ്‍
ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, ജാതി നെയ്യ്, എണ്ണ, ഉപ്പ്
തയ്യാറാക്കുന്ന വിധം
മഞ്ഞള്‍പൊടി ,മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുക. ഇറച്ചി മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അല്‍പ്പം പട്ടയും ഗ്രാമ്പൂവും മൂപ്പിക്കുക. ഇതിലേക്ക് അരി വേകാന്‍ വേണ്ട വെള്ളമൊഴിക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്വെള്ളം എന്ന അളവില്‍ വേണം വെള്ളം ചേര്‍ക്കാന്‍. ഏകദേശം അരമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ശേഷം വേണം അരി വേവിക്കാന്‍ എടുക്കാന്‍. ശേഷം രണ്ടു പച്ചമുളക് കീറിയതും ചെറുതായി അരിഞ്ഞെടുത്ത ഒരു പിടി സവാളയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേര്‍ക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടാം. തീ കൂട്ടി വയ്ക്കുക. വെള്ളം വീണ്ടും വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. 10, 15 മിനിട്ടുകള്‍ക്കു ശേഷം അരി വെന്തോ എന്ന് നോക്കുക. അരിയും ഏകദേശം മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും.
മസാല തയാറാക്കാം
ഒരു പാനില്‍ എണ്ണയും അല്‍പ്പം നെയ്യും ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം, ജാതി തുടങ്ങിയവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ത്തിളക്കിക്കുക. സവാള സ്വര്‍ണ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്നു കഴിഞ്ഞാല്‍ ചേരുവകള്‍ എല്ലാം കൂടി ഉടച്ച് ഇളക്കിയെടുക്കുക. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി തൈര് ചേര്‍ക്കാം.അരപ്പിന്‍റെ പച്ചമണം മാറിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇനി ഇറച്ചി കഷണങ്ങള്‍ ഇതിലേക്കിട്ട് ഇറച്ചി ഉടയാതെ ഇളക്കി കറിയുമായി ചേര്‍ക്കുക. കഷണങ്ങളില്‍ നന്നായി അരപ്പു പിടിച്ചു എന്ന് ഉറപ്പു വരുത്തണം. മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിച്ചാല്‍ മസാല തയ്യാര്‍. ഇനി മസാലയിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അരി ചേര്‍ക്കാം. ചിക്കന്‍ മസാല തവി കൊണ്ട് ഒന്നിളക്കി പരത്തിയ ശേഷം രണ്ടാമത്തെ ലെയര്‍ പോലെ വേണം ചോറ് നിരത്താന്‍. ചോറ് ഒരു ലെയര്‍ നിരത്തിയ ശേഷം ഇതിനു മുകളിലായി അല്‍പം മല്ലിയിലയും പുതിനയിലയും തൂവാം. ബാക്കിയുള്ള ചോറു കൂടി ഇതിനു മുകളിലായി ഇടുക. ചോറ് നന്നായി അമര്‍ത്തി നിരപ്പാക്കി വച്ച ശേഷം മുകളില്‍ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ വിതറാം. ഇനി അടപ്പ് കൊണ്ട് മൂടി മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ തീരെ കുറച്ചു വയ്ക്കുക..15 മിനിട്ട് കഴിഞ്ഞാല്‍ മൂടി തുറക്കാം. രുചികരമായ ചിക്കന്‍ ലോലിപോപ്പ് ബിരിയാണി തയ്യാര്‍.