പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ നാല് വഴികള്‍

Advertisement

പ്ലാസ്റ്റിക് അരി സത്യമാണോ അതോ മിഥ്യയാണോയെന്ന ചോദ്യങ്ങള്‍ക്ക് അര പതിറ്റാണ്ടിലേറെ നീണ്ട പഴക്കമുണ്ട്. 2010 ല്‍ ചൈനയില്‍ നിന്നാണ് ആദ്യമായി പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം തന്നെ ഉണ്ടാകുന്നത്. വുചാങ് അരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു അത്.

ചൈനയിലെ പ്രസിദ്ധമായ വുചാങ് അരിയില്‍ മറ്റ് അരികള്‍ കൂട്ടിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവമായിരുന്നു അത്. പ്രത്യേക മണവും ഗുണവുമുള്ള വുചാങ് അരി വലിയ തോതില്‍ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പുഴുങ്ങി പൗഡര്‍ രൂപത്തിലാക്കുകയാണ് ഈ പ്ലാസ്റ്റിക് അരി നിര്‍മ്മാണത്തിലെ ആദ്യ പടിയെന്ന് പറയുന്നു. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി റെസിനും പോളിമറും വേര്‍തിരിയുന്ന ലായനിയില്‍ പൗഡര്‍ രൂപത്തിലുള്ള ഈ പൗഡര്‍ ചേര്‍ത്താണ് പ്ലാസ്റ്റിക് അരി നിര്‍മ്മിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. പ്ലാസ്റ്റിക് അരിക്ക് സാധാരണ അരിയേക്കാള്‍ കടുപ്പം കൂടുതല്‍ ഉണ്ടാകും. നന്നായി തിളപ്പിച്ചാലും ഇവ സാധാരണ അരി പോലെ പേസ്റ്റ് രൂപത്തിലാകില്ല. കഞ്ഞിവെള്ളത്തില്‍ പാട പോലെ പ്ലാസ്റ്റിക് വേര്‍തിരിയും. പ്ലാസ്റ്റിക് അരി കൊണ്ടുള്ള 3 കപ്പ് ചോര്‍ കഴിക്കുന്നത് ഒരു വലിയ പ്ലാസ്റ്റിക് ബാഗ് കഴിക്കുന്നതിനു തുല്യമാണ് തുടങ്ങിയ പ്രചരണങ്ങളും അന്ന് മുതല്‍ വ്യാപകമായി. ഏതായാലും പ്ലാസ്റ്റിക് അരി വിപണിയില്‍ വ്യാപകമാണെന്ന് തറപ്പിച്ചു പറയുന്നവര്‍ ഇത് തിരിച്ചറിയാനുള്ള നാല് ലളിതമായ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു.

1 – ഒറ്റനോട്ടത്തില്‍ യഥാര്‍ഥ അരിയും പ്ലാസ്റ്റിക് അരിയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ഏറ്റവും ലളിതമായും വീട്ടില്‍ പരീക്ഷിക്കാവുന്നതുമായ മാര്‍ഗമാണിത്. ഇതിന് ആവശ്യമുള്ളത് ഒരു കപ്പ് വെള്ളവും അരിയുമാണ്. ഒരു കപ്പ് വെള്ളത്തിലേക്ക് അരി വിതറുകയാണ് ആദ്യം ചെയ്യേണ്ടത്. യഥാര്‍ഥ അരി വെള്ളത്തിലേക്ക് താഴ്‍ന്നുപോകുകയും പ്ലാസ്റ്റിക് അരി വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

2 – അരി കത്തിച്ചുനോക്കുകയാണ് രണ്ടാമത്തെ മാര്‍ഗം. ഇതിനായി കുറച്ച് അരി കൂട്ടിയിട്ട് തീകൊടുക്കുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ കത്തുന്നതിനൊപ്പം അരിമണികള്‍ ചുരുങ്ങുകയും പ്ലാസ്റ്റിക്കിന്റെ ഗന്ധം ഉയരുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ കറുത്ത നിറമായി മാറുമെങ്കിലും പ്ലാസ്റ്റിക്കിന്റെ ഗന്ധമുണ്ടാകില്ല.

3 – കുറച്ച് സമയം കൂടുതലെടുക്കുമെങ്കിലും കൃത്യമായ ഫലം നല്‍കുന്നതായിരിക്കും ഈ മാര്‍ഗം. ഇതിന് കുറച്ച് അരിയെടുത്ത് വേവിക്കുക. പിന്നീട് ഇത് തുറന്ന ഒരു പാത്രത്തില്‍ മൂന്നു ദിവസത്തേക്കെങ്കിലും വെക്കുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ പാത്രത്തിലെ ചോറില്‍ ഫംഗസുകളോ പൂപ്പലോ ഒന്നുമുണ്ടാകില്ല. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ അത് പുറത്തെ ഊഷ്മാവില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ കേടാകുകയും ചെയ്യും.

4 – ഈ പരീക്ഷണത്തിന് ഒരു ഗ്ലാസ് ചൂടായ എണ്ണയാണ് വേണ്ടത്. ചൂടായ എണ്ണയിലേക്ക് കുറച്ച് അരി മണികള്‍ ഇടുക. പ്ലാസ്റ്റിക് അരിയാണെങ്കില്‍ ചൂടായ എണ്ണയില്‍ വീണു കഴിഞ്ഞാലുടന്‍ അത് പാത്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്‍ന്നുപോകും. കുറച്ച് കഴിഞ്ഞാല്‍ എണ്ണക്ക് മുകളില്‍ പ്ലാസ്റ്റിക്കിന്റെ പാട രൂപപ്പെടുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥ അരിയാണെങ്കില്‍ ചൂടായ എണ്ണക്ക് മുകളില്‍ പൊന്തിക്കിടക്കും.

ഏതായാലും പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും വാര്‍ത്തകളും പ്രചരിക്കുമ്പോഴും ഇത് സ്ഥിരീകരിക്കുന്ന ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നവര്‍ പറയുന്നത്.