ചിക്കൻ വാഴയിലക്കിഴി ബിരിയാണി

Advertisement

ചിക്കൻ വാഴയിലക്കിഴി ബിരിയാണി
————————————–
കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും രുചിയിലും കൂട്ടിലും വൈവിധ്യമാർന്ന കിഴി ബിരിയാണി എന്റെ പരീക്ഷണശാലയിൽ ഉടലെടുത്തതും കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തതിനാൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്… അതിഥികളെ സന്തോഷിപ്പിക്കാനും വിശേഷ ദിവസങ്ങളെ മനോഹരമാക്കാനും ഇത് നല്ലൊരു വിഭവം ആയിരിക്കും തീർച്ച…

ആവശ്യമുള്ള ചേരുവകകൾ: (നാലു പേർക്ക്)
——————————
1 ) മീഡിയം വലുപ്പത്തിൽ നുറുക്കിയ ചിക്കൻ – ഒരെണ്ണം

2 ) നല്ലയിനം ബസ്മതി റൈസ് – നാലു കപ്പ് (അരമണിക്കൂർ ഉപ്പുവെള്ളത്തിൽ കുതിർത്തത്; അരി അല്പം നീളം വയ്ക്കുന്നതിനും നുറുങ്ങി പോകാതിരിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്)

3 ) സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – 8 എണ്ണം മീഡിയം വലുപ്പമുള്ളതു

4 ) ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ

5 ) അണ്ടിപ്പരിപ്പ് നെടുകെ പിളർന്നത് – 20 എണ്ണം

6 ) ഉണക്കമുന്തിരി (കിസ്മിസ്) – ഒരു പിടി

7 ) മല്ലിയില ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ്

8 ) കറി വേപ്പില – മൂന്നു പിടി

9 ) തക്കാളി ചെറുതായി അരിഞ്ഞത് – 3 എണ്ണം (മീഡിയം വലുപ്പമുള്ളതു)

10 ) പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി, എന്നിവ പൊടിച്ചത് – മുക്കാൽ റ്റീസ്പൂൺ

11 ) പെരുംജീരകപൊടി – ഒന്നര റ്റീസ്പൂൺ

12 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഒരു റ്റീസ്പൂൺ (എരിവ് വേണമെങ്കിൽ മാത്രം… എനിക്ക് ചേർക്കേണ്ടി വന്നില്ല)

13 ) കട്ടിയുള്ള തൈര് – ഒന്നര ടേബിൾ സ്പൂൺ

14 ) കശുവണ്ടി വെള്ളത്തിൽ കുതിർത്തു അരച്ചത് – ഒന്നര ടേബിൾ സ്പൂൺ

15 ) ഉപ്പു – ആവശ്യത്തിന്

16 ) നെയ്യ് – രണ്ടര ടേബിൾ സ്പൂൺ

17 ) വെളിച്ചെണ്ണ – രണ്ടര ടേബിൾ സ്പൂൺ

18 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

19 ) പട്ട – ഒരിഞ്ചു നീളത്തിൽ

20 ) ഗ്രാമ്പു – 5 എണ്ണം

21 ) ഏലയ്ക്ക – 7 എണ്ണം

22 ) തക്കോലം – ഒരെണ്ണം

23 ) ഇഞ്ചി അര ഇഞ്ചു നീളത്തിൽ കനം കുറച്ചു നാരുകൾ പോലെ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

24 ) കാരറ്റ് മുക്കാൽ ഇഞ്ചു നീളത്തിൽ തീപെട്ടിക്കോലു പോലെ കനം കുറച്ചു അരിഞ്ഞത് – ഒന്നര കപ്പ്

25 ) ഗ്രീൻ പീസ് – ഒരു കപ്പ് (പച്ചയാണ് ഞാൻ ഉപയോഗിച്ചത്; ഉണക്കയാണെങ്കിൽ വെള്ളത്തിൽ കുതിർത്തു വേവിച്ചു വയ്ക്കുക)

26 ) അര റ്റീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ചേർത്തത്

27 ) റോസ് വാട്ടർ – ഒരു ടേബിൾ സ്പൂൺ (ഇത് നിര്ബന്ധമില്ല)

28 ) പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

29 ) വാഴയില പൊതിയാൻ പോകാതിന് വലുപ്പത്തിൽ മുറിച്ചു ഇലയും കെട്ടാനുള്ള വാഴ നാരും തീയിൽ വെട്ടിയെടുത്തു വയ്ക്കുക

30 ) തിളച്ച വെള്ളം – 6 കപ്പ്

തയ്യാറാകുന്ന വിധം:
——————–
1 ) ആദ്യം ചിക്കനിലേക്കുള്ള മസാല റെഡിയാക്കാം; അതിനായി ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി എടുത്തു വച്ചിരിക്കുന്ന മുഴുവൻ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് മീഡിയം തീയിൽ നല്ല ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരി വയ്ക്കുക

2 ) ഇനി ആ എണ്ണയിൽ നിന്ന് പകുതി മാറ്റി വയ്ക്കുയ; ബാക്കിയുള്ള എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് മൂപ്പിക്കുക; അതിലേക്കു ഒരുപിടി മല്ലിയിലയും ഒന്നര പിടി കറിവേപ്പിലയും ചേർത്ത് വഴറ്റുക; ഇതിലേക്ക് തക്കാളി ചേർത്ത് അൽപ നേരം മൂടി വച്ച് വഴറ്റുക; തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്കു പെരുംജീരകപൊടിയും പട്ട ഗ്രാമ്പു ഏലയ്ക്ക പൊടിയും അര റ്റീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റി പച്ചമണം പോയി മൂത്തു വരുമ്പോൾ അതിലേക്കു തൈരും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് ഒന്ന് വഴറ്റി അതിലേക്കു സവാള വറുത്തു വെച്ചതിൽ മുക്കാൽ ഭാഗം ചേർത്ത് ഇളക്കി അതിലേക്കു പൈനാപ്പിൾ പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്ത് ഇളക്കി അതിലേക്കു ചിക്കൻ ചേർത്ത് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക; ഈ സമയത്തു നമുക്ക് ചോറ് റെഡിയാക്കാം (ചെറിയ തീയിൽ സമയമെടുത്ത് ചിക്കൻ വേവുമ്പോൾ നല്ല രുചിയാണ്)

3 ) ഒരു ചുവടു കട്ടിയുള്ള ചെമ്പു അടുപ്പത്തു വച്ച് ചൂടാകുമ്പോൾ (ബിരിയാണി ചെമ്പു) മാറ്റി വച്ച പകുതി നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് അതിലേക്കു പട്ടയും ഗ്രാമ്പും ഏലയ്ക്കയും ഇട്ടു പൊട്ടിച്ചു അണ്ടിപരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു അതിലേക്കു ഇഞ്ചി നീളത്തിൽ അരിഞ്ഞു വച്ചതു ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കുക; (ഇഞ്ചി നെയ്യിൽ മൂപ്പിക്കുമ്പോൾ നല്ല സ്വാദും മണവും ആണ് ചോറിനു) കുറച്ചു വറുത്ത സവാള ചേർക്കുക കറിവേപ്പില ചേർത്ത് മൂപ്പിക്കുക ഇതിലേക്ക് ഒരു അര റ്റീസ്പൂൺ പട്ട ഗ്രാമ്പു പൊടിച്ചത് ചെത്ത് ഇളക്കി അതിലേക്കു ; അരിഞ്ഞു വച്ച കാരറ്റ്, ഗ്രീൻ പീസ്, പൈനാപ്പിൾ ഇട്ടു നല്ലവണ്ണം ഇളക്കി പത്തു മിനിറ്റ് മൂടി വച്ച് വേവിക്കുക

4 ) ഇതിലേക്ക് തിളച്ച വെള്ളവും ഉപ്പും ചേർത്ത് ഒന്ന് ഇളക്കി വെള്ളം തിളച്ചു വരുമ്പോൾ അതിലേക്കു കുതിർത്തു വച്ച അരി കഴുകി ഊറ്റി തിളച്ച വെള്ളത്തിലേക്ക് ചേർക്കുക; ഇളക്കി മൂടിവച്ച ചെറിയ തീയിൽ വേവിക്കുക; അരിയുടെ അളവും വെള്ളത്തിന്റെ ലെവലും തുല്യമാകുമ്പോൾ അതിലേക്കു വെന്തു കൊണ്ടിരിക്കുന്ന ചിക്കൻറെ മസാല 4 ടേബിൾ സ്പൂൺ എടുത്തു ചോറിലേക്കു മിക്സ് ചെയ്യുക; (ഇത് ചോറിന്റെ മണവും രുചിയും കൂടാൻ കാരണമാകും) നന്നായി യോജിപ്പിച്ചു റോസ് വാട്ടറും ചേർത്ത് ഇളക്കി വളരെ ചെറിയ തീയിൽ ധം ഇട്ടു വേവിക്കുക 90 % വേവ് ആയാൽ വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്യുക

തീ ഓഫ് ചെയ്യുന്നതിന് അഞ്ചു മിനിറ്റ് മുൻപ് നാരങ്ങാ നീരിൽ ചാലിച്ച മഞ്ഞൾ പൊടി ചോറിനു മുകളിൽ ഒന്ന് വിതറി ഒഴിക്കുക എന്നേറ്റു മൂടി വച്ച് അഞ്ചു മിനിറ്റ് കൂടി വേവിക്കുക ഇത് ബിരിയാണി വളരെ ബംഗിയും രുചിയും ഉള്ളതാകാൻ സഹായിക്കും; കാരറ്റ് ന്റെ ഓറഞ്ചും ഗ്രീൻ പിസി ന്റെ പച്ച നിറവും ഈ മഞ്ഞൾ നേരിന്റെ അവിടെ ഇവിടെയുള്ള മഞ്ഞ നിറവും ചേരുമ്പോ കാണാനും ബാംഗിയാണ്… നല്ല രുചിയുമാണ്…

5 ) ഇപ്പോൾ നമ്മുടെ ചിക്കൻ വെന്തു മസാലയെല്ലാം പിടിച്ചു വന്നീട്ടുണ്ടാകും; ഉപ്പും എരിവും നോക്കി ക്രമീകരിച്ചു നല്ല കട്ടിയുള്ള മസാലയാക്കി ഓഫ് ചെയ്യാം; മുളക് കുറവായി തോന്നിയാൽ കുരുമുളക് ചേർക്കുക
6 ) ഇനി ഒരു ഇഡലി പാത്രമോ സ്റ്റീമറോ അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളച്ചു ആവി വരുമ്പോൾ നേരത്തെ വാട്ടി വച്ച വാഴയില എടുത്തു അതിലേക്കു ഒരാൾക്ക് ആവശ്യമുള്ള ബിരിയാണി ചോറ് ചേർത്ത് അതിനു മുകളിൽ വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷ്ണവും കുറച്ചു മസാലയും ചേർത്ത് ഇല ഞൊറിഞ്ഞു കിഴി കെട്ടുന്നത് പോലെ കൂട്ടി പിടിച്ചു വാഴനാരുകൊണ്ടു കെട്ടുക; ഇതുപോലെ 4 പേർക്കുള്ളതും കിഴികളായി കെട്ടി വയ്ക്കുക; ഈ കിഴികൾ ആവി വരുന്ന ഇഡലി പാത്രത്തിൽ തട്ട് വച്ച് അതിനു മുകളിൽ വച്ച് മൂടി വച്ച് പത്തു മിനിറ്റ് എങ്കിലും ചെറിയ തീയിൽ ആവിയിൽ വെന്തു ധം ആകട്ടെ …

7 ) ഇപ്പോൾ ഇലയിൽ ഇരുന്നു പുഴുകി ആവിയിൽ വെന്തു നല്ല മണവും രുചിയും ഉള്ള ആവി പറക്കുന്ന ചിക്കൻ കിഴി ബിരിയാണി റെഡി… വിളമ്പുന്ന നേരത്തു കിഴി തുറന്നു റായ്‌തായും ഒരു തേങ്ങാ ചെമ്മന്തിയും അച്ചാറും കൂട്ടി കഴിക്കാം; കിഴി തുറക്കുമ്പോൾ കുറച്ചു സവാള വറുത്തതും മല്ലിയില അരിഞ്ഞതും മുകളിൽ വിതറാം….

ഈ ബിരിയാണി വളരെ സ്വാദാണ് കേട്ടോ… ശ്രമിച്ചു നോക്കി അഭിപ്രയം പറയണം… ഇഫ്താർ പാർട്ടികളിലും ഈദ് ആഘോഷവേളയിലും ചെയ്തു നോക്കാൻ പറ്റിയ വിഭവമാണ്..