നെല്ലിക്ക & മുന്തിരി വൈന്‍ വീട്ടില്‍ ഉണ്ടാകുന്ന വിധം

Advertisement

ഇന്ന് നമുക്ക് രണ്ടു വ്യത്യസ്തങ്ങള്‍ ആയ  വൈനുകള്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം  . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

നെല്ലിക്ക – രണ്ടു കിലോഗ്രാം

പഞ്ചസാര – ഒന്നര കിലോഗ്രാം

വെള്ളം – 5 ലിറ്റര്‍

യീസ്റ്റ് – ഒരു ടീസ്പൂണ്‍

പഞ്ചസാര കരിക്കുവാന്‍ – അര കപ്പ് (ആവശ്യമെങ്കില്‍)

പാകം ചെയ്യുന്ന വിധം

നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.
പഞ്ചസാര കരിച്ചെടുക്കുന്ന വിധം

പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.

ഇനി നമുക്ക് മുന്തിരി വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം,

പഞ്ചസാര– 2 കിലോഗ്രാം,

തിളപ്പിച്ചാറിയ വെള്ളം– മൂന്നു ലീറ്റർ,

ഏലക്ക–12,

കറുവാപ്പട്ട–5,

ഗ്രാമ്പു–10,

കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി,

ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം,

തയ്യാറാക്കുന്ന വിധം

മുന്തിരി അരസ്പൂൺ മഞ്ഞൾപൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുത്തു കുട്ടയിൽ വാലാൻ വയ്ക്കുക. ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക. ഇതിൽ മൂന്നു ലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ തിളച്ചുതൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽത്തന്നെ സൂക്ഷിക്കാം. 35–40 ദിവസം കഴിഞ്ഞു പിഴിഞ്ഞെടുക്കുന്നതാണു കൂടുതൽ നന്ന്. ഈ വൈൻ നാലോ അഞ്ചോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം

വൈന്‍ കെട്ടി വയ്ക്കുമ്പോള്‍ പ്രത്യേകം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വായു കടക്കാതവിധം നല്ല അടപ്പുള്ള ഭരണി വേണം എടുക്കാന്‍
എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഇളക്കാന്‍ ശ്രദ്ധിക്കണം

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.